Thursday, July 14, 2011

പാച്ചു n' കോവാലന്‍ ബാക്ക് ഇന്‍ ആക്ഷന്‍..

ഭാരിച്ച ജോലി  കാരണം  കട്ടിലില്‍  വന്നു  വീണതേ പാച്ചു  അണ്ണന് ഓര്‍മയുള്ളൂ. ..മയങ്ങിപ്പോയി    അല്ല  ഉറങ്ങി പ്പോയി  ...പാവം ..വിദേശത്താണ്   ജോലി  എങ്കിലും
ഒരാള്‍ക്ക് കഴിഞ്ഞു  പോകാനുള്ളവകയെ  പാച്ചു  അണ്ണന്  കിട്ടുമാരുന്നുള്ള്...പിന്നെ  കിട്ടുന്നത്  മോലാളീടെ വക  വിളിയാണ് ..തന്തയ്ക്കും   തള്ളയ്ക്കും  വിളി (അത്  രണ്ടും  പണ്ടേ  അവരവരുടെ  പാട്  നോക്കി  പോയത്  കൊണ്ട്  കുഴപ്പമില്ല ..എത്ര  വേണേലും  കേള്‍ക്കാം )..
ഇതേ  അവസ്ഥ  തന്നെയായിരുന്നു  മ്മടെ  കോവാലന്റെം. ..
നാട്ടിലോട്ടു  രണ്ടുപേര്‍ക്കും  ചെല്ലാന്‍  ഒക്കത്തില്ല ..കടത്തിന്റെ  പുറത്ത്  കടവും  പിന്നെ  നാട്ടുകാരുടെ    വക  തല്ലും...അങ്ങനെ  ജീവിതം  കഷ്ടപ്പെട്ട്  മുന്നോട്ട്  കൊണ്ട്പോകുന്നു ...ഇതാണ്  അവരുടെ  അവസ്ഥ ...


പെട്ടന്നാണ്   പാച്ചു  അണ്ണന്റെ  മുറിയുടെ  വാതിലില്‍  ഒരു  മുട്ട്  കേട്ടത് ..."അണ്ണാ അണ്ണാ  വെക്കം  തുറക്ക്...."
മടിപിടിച്ചാണെങ്കിലും      അണ്ണന്‍  ചെന്ന്  വാതില്‍  തുറന്നു ..അത്  കോവാലനായിരുന്നു   ..അണ്ണന്‍  കോവാലനെ  അകത്തേക്ക്  ക്ഷണിച്ചു ..
കോവാലന്‍  ആകെ  വെപ്രാളം  പിടിച്ച  മട്ടായിരുന്നു ..
" മൊയലാളി  ഒരു  കാര്യവും  ഇല്ലാതെ  പൊതിരെ  തല്ലി ..ഇനീം  തല്ലു  കൊണ്ട്  ചാകാന്‍  വയ്യ  എന്ന്  പറഞ്ഞ  കോവാലന്‍  തന്റെ  പാസ്പോര്‍ട്ട്  മൊതലാളീടെ   മുറീന്നു    അടിച്ചുമാറ്റിയാണ്      പാച്ചു  അണ്ണന്റെ  അടുത്ത് വന്നിരിക്കുന്നത് .."
കാര്യം കേട്ട  പാച്ചു  അണ്ണന്‍  കോവാലനെ  നോക്കി  പറഞ്ഞു എന്റെം  അവസ്ഥ  ഇത്  തന്നാടെ ...പിന്നെ  ശ്വസിക്കാന്‍  ഓക്സിജന്‍    ഒത്തിരി ഉള്ളത് കൊണ്ട്  കഴിഞ്ഞു  പോകുന്നു. :(
എന്തായാലും  നീ   ഒള്ള  സ്ഥലത്ത്    കിടക്ക് ..നമുക്ക്  ആലോചിക്കാം  ഇനി  എന്ത്  വേണമെന്ന് ..
അങ്ങനെ  രണ്ടുപേരും    മയങ്ങി ..ഒറക്കത്തില്‍  പാച്ചു  അണ്ണന്‍  ചാടി  എണീറ്റ് ...പെട്ടന്ന്  കോവാലനെ  വിളിച്ചുണര്‍ത്തി ...കോവാലന്‍  ഞെട്ടി  എണീറ്റ്  എന്നിട്ട്  ചോദിച്ചു ..എന്താ   അണ്ണാ ..


പാച്ചു :ഡാ  ഐഡിയ ...കിട്ടി ..  ..
കോവാലന്‍ :നല്ലത് ..ഇപ്പൊ  3g യോ  8g യോ  ഒക്കെ  ഉണ്ടെന്നു  പറേണ  കേട്ട് ..എവിടെ  നോക്കട്ടെ ..
പാച്ചു :പോടാ  കോപ്പേ  ..അതല്ല ...ജീവിക്കാനുള്ള  ഐഡിയ  കിട്ടി  എന്നാ  പറഞ്ഞത് ..
കോവാലന്‍:ഓ  അതോ ... പറ  അണ്ണാ ..പറ
പാച്ചു :ഡാ  നമ്മള്‍  ഇവിടുന്നു  ചാടി  മ്മ്ട  നാട്ടില്‍   ചെല്ലുന്നു . .
കോവാലന്‍ :(പേടിച് )അയ്യോ ..അണ്ണാ . .നാടന്‍  അടിയെക്കള്‍  ഭേദം   മറുനാടന്‍  ഇടിയാ . .
പാച്ചു:(അവനെ  തടഞ്ഞുകൊണ്ട് )ഡാ ..പറയുന്നത്  മൊത്തം  കേള്‍ക്ക്...ഈ  അണ്ണന്‍  ഉണ്ടയില്ലാതെ  വെടിവേക്കില്ലാന്നു    അറിയാലോ ..
പാച്ചു  തുടര്‍ന്ന് :ഡാ  നമ്മള്‍  നാട്ടില്‍  ചെല്ലുന്നു ..വെറുതെ  അങ്ങോട  ചെന്ന്  കേറുവല്ല ...വേഷം  മാറി  ചെല്ലുന്നു ..
കോവാലന്‍ :എന്നിട്ട്  ?


പാച്ചു :മ്മടെ  അവിടെ  ദീപാളിക്ക്  പടക്കം പൊട്ടിക്കുന്ന പോലെ എല്ലാ കൊല്ലവും വന്നു പൊട്ടിചേച്ച്  പോവുന്ന ഒരു ജന്മം ഉണ്ടല്ലോ ? ആ  ചക്കരെടെ  പേരെന്താ ..?
കോവാലന്‍ :ആഹ് ..ത്വോഷിബ ......ലക്ഷ്മണ  k  ത്വോഷിബ.. .
പാച്ചു :ആ  മ്വോന്റെ  കയീന്നു  നാലഞ്ച്  പടക്കവും  വെടി വെച്ച്  വെച്ച്   ചാറെറങ്ങിയ  രണ്ട്  തോക്കും  മേടിക്കുന്നു ..എന്നിട്ട്  അതില്‍  ചെറിയ  ചില  മാറ്റങ്ങള്‍  വരുത്തും .
കോവാലന്‍ :എന്ത്  മാറ്റം   ?
പാച്ചു :നമ്മള്‍  അത്  പൊതിഞ്ഞു  കുപ്പിചീലുകള്‍  നിറച്ച്    ആണിയും  കുത്തികേറ്റി  റെടി    ആക്കുന്നു ...
എന്നിട്ട്  നമ്മള്‍  അത്  വല്ല    ബസ് സ്ടാന്റിലോ    ..റെയില്‍വേ   സ്റ്റേഷനിലോ  ചുമ്മാ കൊണ്ടോയി  വയ്ക്കുന്നു..
കോവാലന്‍:(സംശയ ഭാവത്തില്‍ )അണ്ണാ ഏമ്മാന്മാര് പൊക്കത്തില്ലെയോ  അണ്ണാ....
പാച്ചു :കോപ്...നീ ഒന്ന് ചുമ്മാതിരിയെടെ  വെറുതെ ചിരിപ്പിക്കാതെ ...പൊക്കുംപോലും...എനിക്ക് ചിരി വരുന്നു  (വാ പൊത്തി   ചിരിക്കാന്‍ തുടങ്ങുന്നു ) .
അവിടെ  വച്ച്  നമ്മള്‍  അത്  പൊട്ടിക്കുന്നു ...അവിടെ   നിക്കണ  ഏമ്മാന്‍മാര് കാണ്കെ  വേണം  ഇത്  ചെയ്യാന്‍ ...പൊട്ടിക്കഴിയുന്ന  ആ  സെക്കണ്ടില്‍   എവിടെയെങ്കിലും  കേറി  ഒളിച്ചോണം ..വെടി കൊള്ളാത്ത വിധം
അപ്പൊ  ഏമ്മാന്‍മാര്  വന്നു  തോക്ക്  ചൂണ്ടി  കീഴടങ്ങാന്‍  പറയും...വെടിവക്കുമെന്നൊക്കെ പറയും കാര്യമാക്കണ്ട ..അപ്പൊ  ..നമ്മള്‍  ചുമ്മാ  ല്ലേ  തോക്കെടുത്ത്  എങ്ങോട്ടെങ്കിലും    എറിയണം ...എന്നിട്ട്  കൈ രണ്ടും  പൊക്കി  കീഴടങ്ങുന്നതായി  അറിയിക്കണം ...
കോവാലന്‍ :അണ്ണാ  അവന്മാര്‍  ഇടിച്ച  പിഴ്ഞ്ഞു  ചാറെടുത്ത്  പൊറോട്ടെടെ    കൂടെ  കഴിക്കില്ലേ ....
 പാച്ചു  :(പൊട്ടി  പൊട്ടി  തലകുത്തി  നിന്ന്  ചിരിക്കുന്നു ..കോവാലന്‍  അന്തം  വിട്ടിരിക്കുന്നു ...കാര്യം  അറിയില്ലെലും  കോവാലന്‍  ചുമ്മാ  കമ്പനിക്ക്  ചിരിക്കുന്നു .  )
കുറച്ചു  നേരം  കഴിഞ്ഞു  രണ്ടു  പേരും  ചിരി  പതുക്കെ  നിര്ത്തുന്നു ..കോവാലന്    കാര്യം  പിടികിട്ടിയില്ല ..
ക്ഷേത്രത്തിലെ   നിധി  കണ്ട്  കണ്ണുതള്ളിപ്പോയ  ലെവന്മാരെ  പോലെ  കോവാലനെ  നോക്കി പാച്ചു  അണ്ണന്‍   പറഞ്ഞു .
പാച്ചു  :നീ  എന്താ  പറഞ്ഞത്  ചാറെടുകുമെന്ന്  ..ചവിട്ടി കൊല്ലുമെന്ന് ...(വീണ്ടും  ചിരിക്കാന്‍  ഒരുങ്ങുന്ന പാച്ചു അണ്ണന്‍ ..പക്ഷെ  അത്  സ്വയം  തടഞ്ഞു  കൊണ്ട്  പാച്ചു  അണ്ണന്‍  തുടര്‍ന്നു).
 :നീ  ചിരിപ്പിക്കാതെടെ  ..ചിരിച്  ചിരിച്  എന്റെ  വയറുളുക്കി ...ഹോ ...
:ഡാ ..ഡാ ..മത്തങ്ങാത്തലയ  ..അവര്  നമ്മളെ  ഒന്നും  ചെയ്യില്ല ....പകരം  നമുക്ക്  തരും  എല്ലാ  ദിവസവും  നല്ല   5 സ്റാര്‍    ശാപ്പാട് ..പിന്നെ  കാവലിനു  z കാറ്റഗറി  സുരക്ഷയും .
വേണോങ്കില്‍  വാദിക്കാന്‍  വക്കീലിനേം ..പിന്നെ  ഇടയ്കിടയ്ക്‌  കോടതി    കൊണ്ട്  പോകും ..അത്  കാര്യമാക്കണ്ട ..ഇടയ്ക്ക്  ഒരു  ടൂര്‍  പോവനെനു  കരുത്യാ  മതി ..
എന്താ  ഇത്രേം  പോരെ ...ലാവിഷായി  ജീവിക്കാം .. എങ്ങനുണ്ട് ...
കോവാലന്‍ :(ഇതെല്ലാം  കേട്ട്  കണ്ണ്  തള്ളിപോയ  കോവാലന്‍  പറഞ്ഞു ..വാട്ട്‌  ആന്‍  ഐഡിയ  പാച്  ജി ..അണ്ണന്  വയറു  നറച്ച്  ഫുത്യാ ..ഹോ ..എങ്കില്‍  നമുക്ക്  ഇപ്പൊ  തന്നെ  സ്ഥലം  വിടാമണ്ണാ...       
പാച്ചു :നീ  വെപ്രാളപ്പെടാതെ ...ആദ്യം  ആ  ലക്ഷണം കെട്ട  ത്വോഷിബ  എവിടാണെന്ന്  നോക്കണ്ടേ  ...
കോവാലന്‍ :വേണം ..
പാച്ചു :എങ്കില്‍  വാ ..നമുക്ക്  യാത്ര  തുടങ്ങാം ...


അവര്‍  യാത്ര  തുടങ്ങി ...  ഇത്   മൊത്തം  മുകളിരുന്നു ഒരാള് വീക്ഷിക്കുന്നുണ്ടാരുന്നു..വേറെ ആരാ .....കൊറേ നാള്  മുന്പ് ഒബാമ ഒരുത്തനെ വലിച്ച് വാരി ഭിത്തിയില്‍  തേച്ചില്ലേ...ലെവന്‍ തന്നെ ബണ്‍ ലാദന്‍..ആ പങ്കിമോന്‍ ഇതെല്ലാം FB  യില്‍ അപ്ഡേറ്റ്  ചെയ്യുന്നുണ്ടാരുന്നു  ..
പോസ്റ്റി    നിമിഷങ്ങള്‍ക്കകം  തന്നെ  അതിനു  108 ലൈക്കും    509 കമന്റും
 അതില്‍  ചിലത്  ചുവടെ....
 "all d bst machaa,have a happy journey " from ബണ്‍ ലാദന്‍
"അളിയന്മാരെ..  swooppar  ഐഡിയ"  from താലിമാലബാന്‍ "
"കിടു ..കിക്കിടു ..." from കൂജ്ജാഹുധീന്‍
"പെട്ടന്ന്  വാടെ ..ഒറ്റക്ക്  ചീട്ടു  കളിച്ചു മടുത്തു " from   അജ്മല്‍  കൊശവന്‍ .
Most interesting one...
"ടെ  ടെ  പതുക്കെയോകെ  മതിയടെ  ..ഒരെണ്ണം  കഴിഞ്ഞതെ  ഉള്ളു ..ഇവിടാണെങ്കില്‍  പുതിയ  ജയില്‍ കൊട്ടാരത്തിന്റെ   പണി  തീര്‍ന്നിട്ടില്ല ..മ്മടെ  താജ്  ഹോട്ടലിന്റെ  മാത്രകയില്‍ ..കുറച്ചു   സമയം  താടെ ..കായുകളൊന്നും പഴേപോലെ  വരുന്നില്ല.... നിനക്കൊക്കെ ചെലവിനു തരണ്ടേ....ഇവിടെയുള്ള നായിന്റെ മക്കള്‍  തരുന്ന നികുതിയൊന്നും മുഴുക്കുന്നില്ലെടെ...പിന്നെ അല്ലറചില്ലറ അഴിമതി നടത്തി ഉള്ളതെല്ലാം  
  ഇവിടുള്ള  മ  മക്കള്‍  കൊണ്ട്  പോവുന്നു ..ഇപ്പൊ  ആകെ  ആശ്വാസം  അങ്ങ്  തെക്കൊരിടത്ത്   കൊറേ  നിധി  കണ്ടെതിയെന്ന്നു  കേക്കുന്നു ..പോയി  നോക്കട്ടെ ..എന്നിട്ട്  മതിയടെ  ...:-)"   from വായില്ലാകുന്നില്‍ കാരണവര്‍ .


വാല്‍കഷ്ണം : സുരേഷ് ഗോപിയണ്ണന്‍ ,ഷാജിയേട്ടന്റെ പടത്തില്‍ പറയുന്ന ഡയലോഗാണ്  ഓര്‍മവരുന്നത് ... "കപ്പം കൊടുക്കുന്നവന്റെ നേരെ കൈ ഓങ്ങിയാല്‍ തനിക്കു നോവില്ല..കൂട്ടത്തിലൊരുവന്‍    ചങ്കു കീറി ചോരയൊലിപ്പിച്ചു ബസ്‌ സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും    കിടന്നാലും.... തനിക്കു നോവില്ല...പക്ഷെ ജയിലില്‍ കെടക്കുന്ന കള്ള കസബ് മോനെ  കൊന്നാല്‍  തനിക്കു നോവും ല്ലേ..."   

Friday, June 24, 2011

പേയിളകിയ കിനാവുകള്‍

നമസ്ക്കാരം,
ആദ്യത്തെ പോസ്റ്റിനു ശേഷം വളരെ നാളുകള്‍ കഴിഞ്ഞാണ് ഞാന്‍ വീണ്ടും ഒരതിക്രമത്തിന് മുതിരാന്‍ പോകുന്നത് .എന്ന് വച്ചാല്‍ രണ്ടാമത്തെ പോസ്റ്റ്‌ പോസ്റ്റാന്‍ പോകുന്നത് എന്ന് അര്‍ഥം.
ഇതൊക്കെ വായിച്ചു  കഴിഞ്ഞിട്ട് നിങ്ങള്‍ക്ക് ചിലപ്പോള്‍ എന്നെ വലിച്ചുവാരി തറയിലിട്ടു ചവിട്ടിക്കുഴയ്ക്കാന്‍ തോന്നും..ആയതിനാല്‍ ഞാന്‍ ഒരു മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നു.
 പണ്ട് ആരോ പാടിയതുപോലെ
"ദുഖ ഭാരം ചുമക്കുന്ന ദുശകുനമാണ് ഞാന്‍
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ  കിങ്ങിണി... ...കല്ലെറിയല്ലേ "               ഒരു കഥ പറയാം...കലയെ സ്നേഹിക്കുന്നവന്റെ ആത്മാവ് തൊട്ടുണര്‍ത്തുന്ന  കഥ. ദിനേശന്റെ കഥ. ഒരു സംവിധായകന്‍  ആകണമെന്ന മോഹവുമായി അവന്‍ ഒരുപടാലഞ്ഞു.കൈയ്യില്‍  ഒരു കഥയും  അതിനു പറ്റിയ ഒരു തിരക്കഥയുമായി അവന്‍ അലഞ്ഞുതിരിഞ്ഞു .പല നിര്‍മാതാക്കളുടെയും കാലു പിടിച്ചു. പക്ഷെ ആരും കനിഞ്ഞില്ല.ഒടുവില്‍ താന്‍ ദുഫായില്‍ പോയി കഷ്ടപ്പെടുണ്ടാക്കിയ പണം കൊണ്ട് പടം നിര്‍മിച്ചു സംവിധാനം ചെയ്യാമെന്ന് വിചാരിച്ചു. അതിനായി അദ്ദേഹം തന്റെ വീട് വരെ പണയപ്പെടുത്തി.തന്റെ സിനിമയൊന്നു പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു.പലരുടെയും അവഗണന കണ്ടില്ലെന്നു നടിച്ചു.തന്റെ പ്രണയിനിക്ക് വേണ്ടിയാണ് ഇതെല്ലം എന്ന് ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന് അഭിമാനം തോന്നി.
                      അങ്ങനെ കഷ്ട്ടപ്പാടുകള്‍ ഒരു പാട് സഹിച്ചു അദ്ദേഹം തന്റെ ആദ്യം സംരംഭം പൂര്‍ത്തിയാക്കി.ഇനി വേണ്ടത് വിതരണക്കാര്‍ ആണ്. ഒരു അസ്സോസ്സിയെഷനിലും  അംഗമാല്ലാത്തത് കൊണ്ട്  ഒരു വിതരണക്കാരെയും ദിനേശിന് കിട്ടിയില്ല.അവസാനം ആ കര്‍മവും അദ്ദേഹം നിര്‍വഹിക്കാന്‍ തീരുമാനിച്ചു.അപ്പോഴാണ് അടുത്ത പ്രശ്നം തല പൊക്കിയത്.തന്റെ പടം പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ഇല്ല എന്നുള്ളത് .അവസാനം ദിനേശിന്റെ പ്രണയിനി വഴി ഏതോ ബന്ധുക്കളുടെ സഹായത്താല്‍  ഓല മേഞ്ഞതായാലും  ഒരു തിയറ്റര്‍ തരപ്പെട്ടു. അങ്ങനെ ദിനേശന്‍ തിയറ്റര്‍ ഉടമയെ കാണാന്‍ ചെന്നു.ഇത്രയും കഷ്ടപ്പെട്ടുണ്ടാകിയതാണ് തന്റെ പടമെന്നു അറിഞ്ഞപ്പോള്‍ തിയറ്റര്‍ ഉടമയ്ക്കും  അങ്ങോരുടെ ഭാര്യയ്ക്കും സഹതാപത്തോടൊപ്പം  ആ പടത്തിന്റെ  കഥ കേള്‍ക്കണമെന്ന് ആഗ്രഹവുംതോന്നി(വെറും ആഗ്രഹം മാത്രമായിരുന്നു അത് ..അതില്‍ ജീവന്റെ വിലയുണ്ടെന്ന് അറിഞ്ഞില്ല...അത് അവസാനം മനസിലായിക്കോളും) .അങ്ങനെ അയാളുടെ ആവശ്യപ്രകാരം ദിനേശന്‍ കഥ പറഞ്ഞു തുടങ്ങി.ആ കഥയുടെ ഒരു സാരാംശം ഇതാണ് .
             "ഒരു ഗ്രാമം.അവിടെ അതിസുന്ദരനായ ഒരു പട്ടി പിടുത്തക്കാരനുണ്ടായിരുന്നു.പേര്  അലങ്കാര്‍ മേനോന്‍.അനീതിയും അക്രമവും കണ്ടാല്‍ എതിര്‍ക്കുന്നവനാണ്‌ ഈ നായകന്‍. അലങ്കാര്‍ അതി മനോഹരമായി പാടു പാടുമായിരുന്നു .അങ്ങനെ തന്റെ പട്ടി പിടുത്തവും പാട്ട്  പഠിത്തവും ഒരുമിച്ചു കൊണ്ട് പോകുകയായിരുന്നു.അങ്ങനെയാണ് അയാള്‍ അവളുമായി പ്രണയത്തിലായത്. അവള് തന്നെയാണ് തന്റെ ജീവിതത്തിലെ നായികയെന്ന് അയാള്‍ തീരുമാനിച്ചു.പക്ഷെ വിധി അവര്‍ക്ക് എതിരായിരുന്നു.അവളുടെ അപ്പന്‍ അവളുടെ കല്യാണം തീരുമാനിച്ചു.പക്ഷെ അലങ്കാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.അങ്ങനെ കല്യാണ ദിവസം സമാഗതമായി.അലങ്കാര്‍ തന്റെ ജോലിയില്‍ മുഴുകിഇരിക്കുകയായിരുന്നു.നാട്ടുകാരുടെ പേടി സ്വപ്നമായിരുന്ന ഹണി എന്ന പേയിളകിയ ചാവാലിപ്പട്ടിയെ പിടിക്കുന്ന തിരക്കിലായിരുന്നു അയാള്‍.അപ്പോഴാണ്‌ അയാളെ തേടി ആ വാര്‍ത്തകള്‍ എത്തിയത് .ആദ്യ വാര്‍ത്ത ഇതായിരുന്നു അയാള്‍ പാടി ആശാകവാണിക്ക് അയച്ചുകൊടുത്ത ഗാനത്തിനാണ് ഈ വര്‍ഷത്തെ നോബല്‍ പ്രൈസ്‌ 28 ലക്ഷം രൂപ ലഭിച്ചതെന്നു.അയാളുടെ സന്തോഷം  കണ്ണീരായി   കണ്ണുകളില്‍ നിറഞ്ഞു.അപ്പോഴാണ്‌ അവസാന വാര്‍ത്ത അയാളെ  ശരിക്കുമൊരു ഭീകരനാക്കിയത് . (ഈ സമയത്ത് ഒരു ഫോണ്‍ ചെയ്യാനുണ്ട് എന്ന് പറഞ്ഞു തിയറ്റരുടമ അകത്തേയ്ക്ക് പോയി,ഭാര്യ മാത്രമായി കഥ കേള്‍ക്കാന്‍....)അവിടെ കല്യാണമണ്ഡപത്തില്‍  തന്റെ പ്രണയിനിയുടെ കഴുത്തില്‍ താലി വീഴുമ്പോള്‍ ഇവിടെ ഈ പേപ്പട്ടിക്കാട്ടില്‍   ഹണി എന്ന ചാവാലിപ്പട്ടിയുടെ കടി സ്വയം ഏറ്റുവാങ്ങുകയായിരുന്നു....ഏറ്റുവാങ്ങുകയായിരുന്നു(ദിനേശന്‍ കണ്ണുകള്‍ തുടയ്ക്കുന്നുണ്ടായിരുന്നു.)പിന്നീട് എല്ലാം അപ്രതീക്ഷിതമായിരുന്നു. ആശുപത്രി...ഓപ്പറേഷന്‍.... ഓപ്പറേഷന്‍ ..ആശുപത്രി..ഡോക്ടര്‍മാര്‍ നഴ്സുമാര്‍..നഴ്സുമാര്‍.. ഡോക്ടര്‍മാര്‍...കത്രിക അറക്കവാള്‍..അറക്കവാള്‍... കത്രിക...അങ്ങനെ അവസാനം അവര്‍ ആ പേ വാര്‍ഡില്‍ ഒന്നിക്കുകയായിരുന്നു... ഒന്നിക്കുകയായിരുന്നു....(ദിനേശന്‍ തന്റെ കണ്ണുകള്‍  കൈയ്യിലെസ്സുകൊണ്ട്  പതിയെ ഒപ്പുന്നുണ്ടായിരുന്നു)".


അങ്ങനെ റിലീസിംഗ് തീയതിയും ഉറപ്പിച് ദിനേശന്‍ അവിടെ നിന്നും ഇറങ്ങി.


               റിലീസിംഗ് തീയതി സമാഗതമായി.അങ്ങനെ പടം ഇറങ്ങി.അതിന്റെ റിസള്‍ട്ടിനായി  കാത്തു നിന്ന ദിനേശന്റെ ഫോണിലേക്ക് ആദ്യം എത്തിയത്  ഷോര്‍ട്ട്  സര്‍ക്ക്യുറ്റ്  കാരണം തിയറ്റര്‍ കത്തിപ്പോയെന്ന വാര്‍ത്ത ആയിരുന്നു. ദിനേശന്‍ തകര്‍ന്നു തരിപ്പണമായി പക്ഷെ കാര്യമായ തകരാറുകള്‍ ഒന്നുമില്ലെന്നരിഞ്ഞതോടെ ദിനേശന് സമാധാനം ആയി.  വീണ്ടും ദിനേശന്റെ ഫോണിലേക്ക് പ്രതികരണങ്ങള്‍ എത്തിക്കൊണ്ടിരുന്നു. തകര്‍ന്നിരിക്കയാണെങ്കിലും  ദിനേശന്‍ തന്റെ പ്രയത്നത്തിന്റെ ഫലം അറിയുവാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അപ്പോഴാണ് പരിചിതമല്ലാത്ത ഒരു നമ്പറില്‍ നിന്നും വിളി വന്നത് .ദിനേശന്‍ ഫോണ്‍  അറ്റന്‍ഡ് ചെയ്തു .
 

ദിനേശന്‍: (പതിഞ്ഞ സ്വരത്തില്‍ ) ഹലോ ..ആരാ ?
ഫോണ്‍
:അണ്ണാ ഇത് ഞാനാ..നിങ്ങള് പുതിയ പടമിറക്കിയെന്നു  അറിഞ്ഞല്ലോ?
ദിനേശന്‍
:(അല്പം സന്തോഷത്തോടെ) ങ്ഹാ..അങ്ങനെയൊക്കെ അങ്ങ് സംഭവിച്ചു.ഇന്നാരുന്നു  റിലീസ് .
ഫോണ്‍
:അണ്ണാ..... അണ്ണന്‍  പടത്തിന്റെ റിസള്‍ട്ട് ഒന്നും അറിഞ്ഞില്ലേ?
ദിനേശന്‍
:ഇല്ല.അറിവായി വരുന്നതെ ഉള്ളു...!!ഇനിയിപ്പോ ഫോണിനു റസ്റ്റ്‌ ഉണ്ടാകില്ല...ആരാധകരുടെ  ശല്യം കാരണം നമ്പര്‍ മാറ്റേണ്ടി വരുമോ എന്ന എന്റെ പേടി...ഹി ഹി ഹി...(ചിരിക്കുന്നു) 
ഫോണ്‍
:ന്നാ വെക്കം നമ്പര്‍ മാറ്റിക്കോ.....ഇല്ലെങ്കില്‍ പണി പലേടത്തും കിട്ടും..  തിയറ്റര്‍ കത്തിയത് അറിഞ്ഞോ?
ദിനേശന്‍
:ആ അറിഞ്ഞു..ഷോര്‍ട്ട് സര്‍ക്ക്യുറ്റ് കാരണം കുറച്ച ഭാഗം കത്തി എന്ന് ..അത് സാരമില്ലെന്ന അറിഞ്ഞത് .പടം ഓടിക്കുന്നത് കൊണ്ട് കുഴപ്പമില്ല .
ഫോണ്‍
:അയ്യോ അണ്ണാ ഷോര്‍ട്ട് സര്‍ക്ക്യുറ്റ് അല്ല കത്താന്‍ കാരണം.നാട്ടുകാര്‍  തീവച്ചതാ...അപ്പൊ അണ്ണന്‍ ഇതൊന്നും അറിഞ്ഞതല്ല അല്ലെ ...?അണ്ണന്‍ വിചാരിക്കും പുതിയ കലാകാരന്‍മാര്‍  വളര്‍ന്നു വരുന്നത് കൊണ്ടുള്ള അസൂയ ആയിരിക്കുമെന്ന്. അല്ല .....അണ്ണാ ബാക്കിയും കൂടി കേള്‍ക്ക്. നിങ്ങള്‍ക്കെതിരെ അമിട്ട് കേസുകളാ ഉള്ളത്.
'നമ്പര്‍ 1
:ഒരു കാരണവും കൂടാതെ നാട്ടുകാരെ പ്രകോപിപ്പിച്ചതിന്  പോലീസുകാരുടെ വക .
നമ്പര്‍ 2
:ഫയര്‍ ഫോര്‍സിന്റെ വക. അമൂല്ല്യമായ ജലം ഇത് പോലൊരു അലന്ന കാര്യം കത്തിച്ചതിനു ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായത്തിനു.
നമ്പര്‍ 3
:അടുത്തത് സിനിമാകാരുടെ വകയാ.അണ്ണന്‍ പടം ഇറക്കുന്നതിനു മുന്‍പ്  പത്രസമ്മേളനം നടത്തി ഈ അവിയലിനെ സിനിമ എന്ന് വിളിചാരുന്നോ?..ങ്ഹാ ...എങ്കില്‍ അതിനാ അവരുടെ വക.അതിനെ  സിനിമ എന്ന് വിളിച്ചതിന് .
നമ്പര്‍ 4
:അടുത്തത് പട്ടിപിടുത്തക്കാരുടെ വകയാ.എന്തിനാണെന്ന് മനസിലായിക്കാണുമല്ലോ ?
നമ്പര്‍ 5
:നെക്സ്റ്റ്  റിസര്‍വ് ബാങ്കിന്റെ വകയാ.അവര്‍ അച്ചടിചിറക്കുന്ന  പണം ഇതുപോലൊരു അതിക്രമത്തിനു ഉപയോഗിച്ചതിനു.
നമ്പര്‍ 6
:ഈ പടം കണ്ട്‌ നിങ്ങടെ പ്രണയിനി കലമോള്‍  ആത്മഹത്യ ചെയ്തത് അറിഞ്ഞോ ?എങ്കില്‍ ചെയ്തു.അവളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന്  അവളുടെ ചേട്ടന്റെ വക.
നമ്പര്‍ 7
:ഇനി ഉള്ളത് കോടതി സ്വമേധയാ എടുത്തതാണ് .കത്തിക്കരിഞ്ഞ തിയറ്റര്‍ കാണാന്‍ വഴിയരികില്‍ പൊതുയോഗം പോലെ  ആള്‍ക്കാര്‍ കൂടിനിന്നതിനു.
നമ്പര്‍ 8
:അടുത്തത് ഹര്‍ജിയാ ..നിങ്ങളെ പോലെ ഒരാളെ അവിടെ പാര്‍പ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു .കോടതി അത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.
ഫോണ്‍ :
അണ്ണാ നിങ്ങള്‍ രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് വിട്ടേരെ....പടം ഇറങ്ങി തിയറ്റര്‍ കത്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അണ്ണന്റെ പടവും പാസ്പോര്‍ട്ട് നമ്പരും രാജ്യത്തെ സകല എയര്‍പോര്‍ട്ടിലും എത്തിയിട്ടുണ്ട്. അങ്ങോട്ട്‌   ചെന്നാല്‍ അവര് അണ്ണനെ ശൂലത്തില്‍ ഇരുത്തും.
 അണ്ണാ തിയറ്റര്‍ കത്തിയതിനു തിയറ്റര്‍ ഉടമ കേസ്‌ കൊടുത്തില്ല.ഇന്‍ഷുരന്സുകാര്‍ അണ്ണന്‍ കഥ പറയാന്‍ ചെന്നപ്പോള്‍ ഫോണിന്റെ രൂപത്തില്‍ അങ്ങോരുടെ അടുത്ത് എത്തിയിരുന്നത്രേ.പക്ഷെ വേറൊരു കുഴപ്പമുണ്ട് ...അണ്ണന്‍ അന്ന് കഥ പറഞ്ഞു പോയതില്‍ പിന്നെ അങ്ങേരുടെ ഭാര്യക്ക് ബോധം വീണിട്ടില്ലന്നു. പേടിച് പിച്ചും പേയും പറയുന്നു എന്ന് .അതുകൊണ്ട് അയാള്‍ ഒരു കേസ്‌ കൊടുക്കുമെന്ന് പറയുന്നു'. (കുറച്ച നേരത്തെ നിശബ്ദധയ്ക്ക്  ശേഷം )

ഫോണ്‍ :
ങ്ഹാ...ഇത്രയൊക്കെ ഇന്‍ഫര്‍മേഷന്‍ തന്നിട്ടും അണ്ണന് എന്നെ മനസിലായില്ലേ...ഇത് ഞാനാ  അണ്ണാ...
 (എല്ലാം കേട്ട് അവശനിലയിലായെങ്കിലും ദിനേശ് അണ്ണന്‍ ചോദിച്ചു)

ദിനേശ്: നീ ആരാ...എന്നേക്കാള്‍ മുന്‍പേ ഇത്രേം കാര്യങ്ങള്‍ അറിഞ്ഞു ..പറ ആരാ നിനക്ക് ഇതൊക്കെ പറഞ്ഞ് തന്നത്.
ഫോണ്‍
:അണ്ണാ ഇതൊന്നും ആരും പറഞ്ഞ് തന്നതല്ല."അനുഭവം ഗുരുവാണ് അണ്ണാ ".പറഞ്ഞ് വരുമ്പം ഞാന്‍ നിങ്ങടെ ഒരു ബന്ധുവായി വരും..... ഇപ്പഴും മനസിലായില്ലേ...?
ദിനേശന്‍
:ഇല്ല ..!!
ഫോണ്‍
:നിങ്ങടെ ട്രാന്‍സ്പോര്‍ട്ടില്‍  കെട്ടിച്ച അപ്പച്ചിയില്ലേ...സുന്ധരെടത്തെ  ശാന്തെച്ചയി...അവരുടെ  മൂത്തമരുമോള്‍ടെ അനിയന്റെ ഭാര്യേടെ ചെറിയമ്മാവന്റെ ഒരു അകന്ന ബന്ധുവായി വരും.
ദിനേശന്‍
: മ്മടെ...കൊണ്ടോട്ടിഇല്ലത്തെ ശങ്കരേട്ടന്റെ മോന്‍....ശശി...ഡാ നിയാരുന്നോ...വുവുസുലെ ശശി..
ശശി:
അതെ അണ്ണാ..പിന്ന്നെ എന്റെ ഫുള്‍ നെയിം ഇങ്ങനെ വാലും തലയും ഇട്ട് പറഞ്ഞ്  അണ്ണന്‍ വീണ്ടും എന്നെ കുഴിചാടിക്കരുത് .
ദിനേശന്‍
:നീ ഇപ്പൊ എവിടാ?അന്ന് ആ വുവുസുലേം ഊതിക്കൊണ്ട്  പോയപോക്കല്ലേ ..?ഇപ്പൊ എവിടാ?
ശശി:
ഞാന്‍ ഇപ്പൊ ഒരു മറാത്തി സംവിധായകന്റെ കൂടെ അസ്സിസ്റ്റന്റായി നിന്ന് പണിപടിക്കുവാ......
ദിനേശന്‍
: എന്നിട്ട് അങ്ങൊരു ഇപ്പഴും ജീവനോടെ ഉണ്ടോ ?
ശശി
: ദേ..... 'അണ്ണാ' എന്നാ ഇത്രേം നേരം ഞാന്‍ വിളിച്ചത് .എന്നെക്കൊണ്ട് നീ അക്ഷരം പെറുക്കി കളയിക്കണോ?
ദിനേശന്‍:
അതിനു നിനക്ക് അക്ഷരം അറിയാമോ?ആകെ അറിയുന്നത് വുവുസുലെ എന്ന്  ഊതാന്‍ മാത്രമല്ലിയോ..?
ശശി
: ഡാ...ഡാഷ് മോനെ...ജന്മനാ ബോധം ഇല്ലാത്ത നീയാണോ സ്വബോധം ഇല്ലാത്ത എന്നെ കുറ്റം പറയുന്നത് .
ദിനേശന്‍
: ശരി എനിക്കും നിനക്കും ബോധമില്ല..സമ്മതിച്ചു (നന്ദി..!! )എന്നിട്ട്  നിയെന്തിനാ ഒളിച്ചോടിയത് ..? നിന്റെ വുവുസുലെ ഊതി ക്കഴിഞ്ഞപ്പം ...ശ്ശെ... ഇറങ്ങിക്കഴിഞ്ഞപ്പം.
ശശി:
ങ്ഹാ...അത് ചോദിക്ക് ...അത് ഊതി ശ്ശെ ഇറങ്ങി   എല്ലാരുടെം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഞാന്‍ നെഞ്ച് വിരിച്ചു നിന്നു. പക്ഷെ ആ മറുപടി കേള്‍ക്കാനുള്ള ഒരു ക്ഷമയോ ഒരു താല്പര്യമോ ജനങ്ങള്‍ക്ക് ഇല്ലാതെ  പോയി.അവസാനം എന്നെ വലിച്ചു വാരി പോസ്റ്ററിന് പകരമായി ഭിത്തിയില്‍ ഒട്ടിക്കും എന്ന അവസ്ഥ വന്നപ്പോള്‍ ഞാന്‍ നാട് വിട്ടു.എന്നിട്ട്  ഞാന്‍ ചുമ്മാ ഇരുന്നോ ..പണി എന്താണെന്നു പടിക്കാനിറങ്ങി...ഞാന്‍ തിരിച്ചു വരും ഒരു നാള്‍...അന്ന് എന്നെ തേക്കാന്‍ നിന്നവര്‍ക്കെല്ലാമുള്ള  മറുപടിയുമായി....കാത്തിരുന്നോ...
ദിനേശന്‍
:(പുശ്ചത്തോടെ)ഒളിച്ചോടാന്‍ ഞാനില്ല.....എല്ലാം ധൈര്യത്തോടെ നേരിടും...ഈ തകര്ച്ചയിലൊന്നും   ഞാന്‍ പതറില്ല..ഇതിനെ ഞാന്‍ നേരിടുന്നത് എന്റെ അടുത്ത പടത്തിലൂടെ ആയിരിക്കും....
  (ഈ സമയം മറുതലയ്ക്കല്‍ ഫോണ്‍ കട്ടായി....12 കൊല്ലം കഴിഞ്ഞാലും  വാലും കുഴലും നേരെയാകത്തില്ല എന്ന് മനസിലായിക്കാണും).ദിനേശന്‍ ഒരു വെല്ലുവിളി ഏറ്റെടുത്ത മനസ്സോടെ അടുത്ത പടത്തിന്റെ പണിപ്പുരയിലേക്ക് കടന്നു.
 വാല്‍കഷ്ണം:ഒളിവിലിരുന്ന് (ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊമ്പത്തെ നേതാവായി -കേസ്‌ ഉള്ളതല്ലിയോ അങ്ങനെ പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ.? )അടുത്ത പടത്തിന്റെ പണി തുടങ്ങി ...പടത്തിന്റെ പേര്  "നന്നായി ഞാന്‍ നല്ലവനായി or വാളി ദാസേട്ടന്റെ കവിതകള്‍ (ആക്ഷന്‍ ത്രില്ലെര്‍)"     സിവനെ.....എന്തോരവുമോ എന്തോ...?.       

Sunday, January 30, 2011

പരിചയപ്പെടുത്തല്‍


ആദ്യം ഈ പേരിനെക്കുറിച്ച് പറയാം. കാര്യമൊന്നുമില്ല - അച്ഛന്‍ എനിക്കൊരു ഡയറി തന്നു. ഞാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ 2011-ലെ ഒരു ഡയറി. ആ ഡയറിയിലെ കുറിപ്പുകളാണ് ഞാന്‍ ഈ ബ്ലോഗില്‍ എഴുതുന്നത്. എന്താ ഇത്ര എഴുതാന്‍ എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. വെറുതെ ഒരു മോഹംഅല്ലെങ്കില്‍ INSPIRATION എന്ന് വേണമെങ്കില്‍ പറയാം. സുഹൃത്തുക്കള്‍, അദ്ധ്യാപകര്‍ തുടങ്ങി ഞാന്‍ പരിചയപ്പെട്ടിട്ടില്ലാത്തകണ്ടിട്ടില്ലാത്ത അനേകം പേരുടെ ബ്ലോഗുകള്‍. അതുമല്ലെങ്കില്‍ എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ 'ഇ-ലോക'ത്തോട്‌ പങ്കുവെയ്ക്കാന്‍. എന്തായാലും ഇന്ന് അത് യാഥാര്‍ത്ഥ്യമാകുകയാണ് -achanthannadiary.blogspot.com എന്ന ഈ ബ്ലോഗിലൂടെ.
                                      
ഇനി എന്നെക്കുറിച്ച് പറയാം - പേര്  ശ്രീരാഗ്. പേരില്‍ 'ശ്രീ' ഉണ്ടെങ്കിലും എന്നില്‍ അത് ലവലേശം ഇല്ല. പൊതുവേ ഞാനൊരു ചൂടനാണെന്നാണ് പറയുന്നത്. എല്ലാരോടുമില്ല കേട്ടോ... സുഹൃത്തുക്കളോട്. അവരോടല്ലാതെ ഒരു പരിചയവും ഇല്ലാത്തവരോട് ചൂടായാല്‍ തല്ലു വാങ്ങി കൂട്ടില്ലേ? (എന്താണെന്നറിയില്ല നേരത്തെ പറഞ്ഞ മിത്രങ്ങളും ഇപ്പോള്‍ കൈവക്കാന്‍ തുടങ്ങിയിരിക്കുന്നു. ആയതിനാല്‍ ഞാന്‍ എന്‍റെ ആ സ്വഭാവം മാറ്റിയെടുക്കാനുള്ള തീവ്രയത്നത്തിലാണ്). പിന്നെ, എന്‍റെ ജോലി എന്താണെന്നു ചോദിച്ചാല്‍ 'ആയിട്ടില്ല' എന്ന് ഉത്തരം കിട്ടും.

"സ്വപ്നം ഒരു ചാക്ക്. തലയിലത് താങ്ങി ഒരു പോക്ക്" – ഇതുതന്നെയാണ് എന്റെയും അവസ്ഥ. പക്ഷെ ഈ പാട്ടിലെ നായകനെ പോലെ ഒരു ആക്ടര്‍ ആവണമെന്ന മോഹമൊന്നും എനിക്കില്ല... പിന്നെ?.. ഒരു തിരക്കഥാകൃത്താവുക. അതാണ് എന്റെ ആഗ്രഹം. 'ഒരു ചെറുകഥ പോലും എഴുതിയിട്ടില്ലാത്ത എനിക്ക് ഇതൊക്കെ ഒരു അത്യാഗ്രഹം അല്ലെ?' എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കാം. എന്നുവച്ച് ആഗ്രഹിച്ചുകൂടായ്കയില്ലല്ലോ?.. "ആഗ്രഹമാണ് ലക്ഷ്യത്തിലേക്കുള്ള ആദ്യ വഴി" എന്ന തിരിച്ചറിവായിരിക്കണം എന്നെക്കൊണ്ട് ആഗ്രഹിപ്പിച്ചത്. ഒരു തിരക്കഥ എഴുതാനുള്ള ഒന്ന്-രണ്ട്‌ ശ്രമങ്ങള്‍ ഞാന്‍ നടത്തി. തിരക്കഥയുടെ ബാലപാഠങ്ങള്‍ മനസിലാക്കാതെയുള്ള ആ ശ്രമങ്ങള്‍ ഒരു തികഞ്ഞ പരാജയമായിരുന്നു. പിന്നീട് അതെല്ലാം മാറ്റിവെച്ച് എന്റെ ഉള്ള സമയം വച്ച് പല പ്രമുഖ തിരക്കഥാകൃത്തുക്കളുടെയും സൃഷ്ടികള്‍ വായിക്കാന്‍ തുടങ്ങി (ഇപ്പൊ തുടങ്ങിയതെയുള്ളു). അതിനിടയിലാണ് ഷോര്‍ട്ട് ഫിലിം-നെക്കുറിച്ചുള്ള സാദ്ധ്യതകള്‍ സുഹൃത്തുക്കള്‍ വഴി അറിയുന്നത്. പിന്നീട് അതിലും ശ്രദ്ധിച്ചു തുടങ്ങി (അതും ഇപ്പൊ തുടങ്ങിയതെയുള്ളു). മനസിലേക്ക് വരുന്ന കാര്യങ്ങള്‍ കുറിച്ചുവയ്ക്കും.
"മ്മടെ ടൈം തെളിഞ്ഞുവരുവാണെങ്കില്‍ അതൊക്കെ തിരിശ്ശീലയില് കാണാം".

                                                 പ്രത്യാശയോടെ  നിര്‍ത്തുന്നുക്ഷമിക്കണം, തുടങ്ങുന്നു...
                                                                                                           
                                                                                                                 -- ശ്രീരാഗ്