Sunday, January 30, 2011

പരിചയപ്പെടുത്തല്‍


ആദ്യം ഈ പേരിനെക്കുറിച്ച് പറയാം. കാര്യമൊന്നുമില്ല - അച്ഛന്‍ എനിക്കൊരു ഡയറി തന്നു. ഞാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ 2011-ലെ ഒരു ഡയറി. ആ ഡയറിയിലെ കുറിപ്പുകളാണ് ഞാന്‍ ഈ ബ്ലോഗില്‍ എഴുതുന്നത്. എന്താ ഇത്ര എഴുതാന്‍ എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. വെറുതെ ഒരു മോഹംഅല്ലെങ്കില്‍ INSPIRATION എന്ന് വേണമെങ്കില്‍ പറയാം. സുഹൃത്തുക്കള്‍, അദ്ധ്യാപകര്‍ തുടങ്ങി ഞാന്‍ പരിചയപ്പെട്ടിട്ടില്ലാത്തകണ്ടിട്ടില്ലാത്ത അനേകം പേരുടെ ബ്ലോഗുകള്‍. അതുമല്ലെങ്കില്‍ എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ 'ഇ-ലോക'ത്തോട്‌ പങ്കുവെയ്ക്കാന്‍. എന്തായാലും ഇന്ന് അത് യാഥാര്‍ത്ഥ്യമാകുകയാണ് -achanthannadiary.blogspot.com എന്ന ഈ ബ്ലോഗിലൂടെ.
                                      
ഇനി എന്നെക്കുറിച്ച് പറയാം - പേര്  ശ്രീരാഗ്. പേരില്‍ 'ശ്രീ' ഉണ്ടെങ്കിലും എന്നില്‍ അത് ലവലേശം ഇല്ല. പൊതുവേ ഞാനൊരു ചൂടനാണെന്നാണ് പറയുന്നത്. എല്ലാരോടുമില്ല കേട്ടോ... സുഹൃത്തുക്കളോട്. അവരോടല്ലാതെ ഒരു പരിചയവും ഇല്ലാത്തവരോട് ചൂടായാല്‍ തല്ലു വാങ്ങി കൂട്ടില്ലേ? (എന്താണെന്നറിയില്ല നേരത്തെ പറഞ്ഞ മിത്രങ്ങളും ഇപ്പോള്‍ കൈവക്കാന്‍ തുടങ്ങിയിരിക്കുന്നു. ആയതിനാല്‍ ഞാന്‍ എന്‍റെ ആ സ്വഭാവം മാറ്റിയെടുക്കാനുള്ള തീവ്രയത്നത്തിലാണ്). പിന്നെ, എന്‍റെ ജോലി എന്താണെന്നു ചോദിച്ചാല്‍ 'ആയിട്ടില്ല' എന്ന് ഉത്തരം കിട്ടും.

"സ്വപ്നം ഒരു ചാക്ക്. തലയിലത് താങ്ങി ഒരു പോക്ക്" – ഇതുതന്നെയാണ് എന്റെയും അവസ്ഥ. പക്ഷെ ഈ പാട്ടിലെ നായകനെ പോലെ ഒരു ആക്ടര്‍ ആവണമെന്ന മോഹമൊന്നും എനിക്കില്ല... പിന്നെ?.. ഒരു തിരക്കഥാകൃത്താവുക. അതാണ് എന്റെ ആഗ്രഹം. 'ഒരു ചെറുകഥ പോലും എഴുതിയിട്ടില്ലാത്ത എനിക്ക് ഇതൊക്കെ ഒരു അത്യാഗ്രഹം അല്ലെ?' എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കാം. എന്നുവച്ച് ആഗ്രഹിച്ചുകൂടായ്കയില്ലല്ലോ?.. "ആഗ്രഹമാണ് ലക്ഷ്യത്തിലേക്കുള്ള ആദ്യ വഴി" എന്ന തിരിച്ചറിവായിരിക്കണം എന്നെക്കൊണ്ട് ആഗ്രഹിപ്പിച്ചത്. ഒരു തിരക്കഥ എഴുതാനുള്ള ഒന്ന്-രണ്ട്‌ ശ്രമങ്ങള്‍ ഞാന്‍ നടത്തി. തിരക്കഥയുടെ ബാലപാഠങ്ങള്‍ മനസിലാക്കാതെയുള്ള ആ ശ്രമങ്ങള്‍ ഒരു തികഞ്ഞ പരാജയമായിരുന്നു. പിന്നീട് അതെല്ലാം മാറ്റിവെച്ച് എന്റെ ഉള്ള സമയം വച്ച് പല പ്രമുഖ തിരക്കഥാകൃത്തുക്കളുടെയും സൃഷ്ടികള്‍ വായിക്കാന്‍ തുടങ്ങി (ഇപ്പൊ തുടങ്ങിയതെയുള്ളു). അതിനിടയിലാണ് ഷോര്‍ട്ട് ഫിലിം-നെക്കുറിച്ചുള്ള സാദ്ധ്യതകള്‍ സുഹൃത്തുക്കള്‍ വഴി അറിയുന്നത്. പിന്നീട് അതിലും ശ്രദ്ധിച്ചു തുടങ്ങി (അതും ഇപ്പൊ തുടങ്ങിയതെയുള്ളു). മനസിലേക്ക് വരുന്ന കാര്യങ്ങള്‍ കുറിച്ചുവയ്ക്കും.
"മ്മടെ ടൈം തെളിഞ്ഞുവരുവാണെങ്കില്‍ അതൊക്കെ തിരിശ്ശീലയില് കാണാം".

                                                 പ്രത്യാശയോടെ  നിര്‍ത്തുന്നുക്ഷമിക്കണം, തുടങ്ങുന്നു...
                                                                                                           
                                                                                                                 -- ശ്രീരാഗ്